Kerala
മകന്റെ മരണവേദന സഹിക്കാനായില്ല, വിതുരയിൽ വീട്ടമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി
തിരുവനന്തപുരം: മകന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യയെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 2.30ഓടെ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കാണാനായില്ല. ഉടൻ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. എസ്. ഹരിയുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി അന്വേഷിച്ചപ്പോൾ അബോധാവസ്ഥയിൽ ദിവ്യയെ കണ്ടെത്തി. ഉടൻ കരയിലെത്തിച്ച് വിതുര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മാസം ദിവ്യയുടെ ഏക മകൻ ഹരി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. അതിനുശേഷം ദിവ്യ അതീവ വിഷാദത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവൾ ആരോടും സംസാരിക്കാതെയും വീട്ടിൽ നിന്നും പുറത്തുകടക്കാതെയും ആയിരുന്നു.