Kerala
കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്(57) അന്തരിച്ചു
തൃശൂര്‍: കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്(57) അന്തരിച്ചു. പുലര്‍ച്ചെ സ്വവസിതിയില്‍ വച്ചായിരുന്നു അന്ത്യം. പത്ത് വര്‍ഷം മുമ്പായിരുന്നു മാത്യു ആച്ചാടന് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്.
നിരന്തരമായ ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സ തേടിയ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. നിര്‍ധനരായ ഈ കുടുംബം അവയവദാന പദ്ധതിയായ പുനര്‍ജനിയില്‍ പേര് റജിസ്ട്രര്‍ ചെയ്തു. ഈ സമയത്താണ് തിരുവനന്തപുരം പാറശ്ശാല അഗ്രഹാരത്തിലെ അഡ്വ. എസ് നീലകണ്ഠശര്‍മ്മ കുളിമുറിയില്‍ വീണ് മസ്തിഷ്ക്കമരണം സംഭവിച്ചത്. അവയവദാനത്തിനായി പേര് രജിസ്ട്രര്‍ ചെയ്തിരുന്ന മാത്യുവിന് നറുക്ക് വീണു.
മണിക്കൂറുകള്‍ക്കുള്ളില്‍ ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വന്‍ വിജയമായതും മാത്യു ജീവിതത്തിലേക്ക് തിരികെ വന്നതും എയര്‍ ആംബുലന്‍സ് ഉപയോഗിച്ചതുമൊക്കെ അന്ന് വലിയ വാര്‍ത്തയായിരുന്നു.