Kerala
ഒരു വീട്ടിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു
കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. കിഷൻ, മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
കിഷൻ ഇടയ്ക്കിടെ മുത്തശ്ശിയുടെ വീട്ടിൽ വരുന്നത് പതിവായിരുന്നു. ഇന്ന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിഷൻ വീട്ടിലെത്തിയത്. അതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു കിഷൻ മരിച്ചത്.
മുത്തശ്ശിയും സഹോദരിയും വീട്ടിലെത്തിയപ്പോഴാണ് അയൽവാസികൾ കൊച്ചുമകൻ മരിച്ച വിവരം അറിയിക്കുന്നത്. ഈ മനോവിഷമത്തിലാണ് മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. തൊട്ടടുത്ത മുറിയിലാണ് ഇരുവരും തൂങ്ങിമരിച്ചത്. ഇരുവരും തൊട്ടടുത്തുള്ള പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കിഷൻ നേരത്തെ പോക്സോ കേസിൽ പ്രതി ആണെന്ന് പൊലീസ് വ്യക്തമാക്കി.