Kerala
പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം
കൊല്ലം അഞ്ചലിൽ പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായയ്ക്ക് ദാരുണാന്ത്യം. മണലിൽ ഭാനു വിലാസത്തിൽ പ്രകാശിൻ്റെ വീട്ടിലെ വളർത്തു നായയാണ് ചത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ നായയുടെ ശരീര ഭാഗങ്ങൾ ചിന്നിചിതറി.
ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. സ്‌ഫോടനത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ചുവരുകൾക്ക് വിള്ളലുണ്ടായി.
തോട്ടത്തിൽ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നിൽ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. വീട്ടുകാരുടെ പരാതിയിൽ ഏരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
പന്നിപ്പടക്കം വെച്ചതായി സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. സമാനരീതിയിൽ മറ്റൊരു നായയും അടുത്തിടെ ചത്തിരുന്നു.