Kerala

കെജി വിദ്യാ‍ർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ;കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

Posted on

ഹരിയാനയിലെ പഞ്ചകുളയിൽ കെജി വിദ്യാ‍ർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ. പഞ്ചകുള ‌സെക്ടർ 20ലുള്ള സംസ്കൃതി മോഡൽ സ്കൂളിലെ വിദ്യാ‍ർഥിയായ ആറുവയസുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

‘അച്ഛൻ വിളിക്കുന്നു’ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ എട്ടുവയസുകാരൻ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ ക്ലാസ് മുറിക്കുള്ളിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ഡെസ്കിൽ തലയിടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടി ബോധരഹിതയായി വീണിട്ടും ആൺകുട്ടി ആക്രമണം തുട‍ർന്നു. മുടിയിൽ പിടിച്ച് ക്ലാസ് മുറിയിലൂടെ വലിച്ചിഴക്കുകയും ചെയ്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം സെക്ടർ 6-ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സെക്ടർ 20 പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് യാഷ്ദീപ്, അന്വേഷണ ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. സ്കൂൾ മാനേജ്‌മെന്റിൽ നിന്ന് വിവരങ്ങൾ തേടിയ പൊലീസ് ആക്രമണം നടത്തിയ കുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version