Crime
നെറ്റിയിലെ സിന്ദൂരം വില്ലനായി, സഹോദരിയെ മുക്കിക്കൊന്ന് സഹോദരൻ
ഉത്തർപ്രദേശിലാണ് പ്രണയ ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കം മരണത്തിലേക്ക് നയിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയായ തന്റെ സഹോദരിക്ക് പ്രണയം ഉണ്ടെന്നറിഞ്ഞ സഹോദരൻ ഇത് തടയാൻ ശ്രമിച്ചു. തുടർന്ന് തർക്കം ഉണ്ടാവുകയും സഹോദരിയെ ഇയാൾ കനാലിൽ മുക്കി കൊല്ലുകയുമായിരുന്നു. 19 വയസ്സുള്ള നിത്യ യാദവാണ് മരിച്ചത്. സംഭവത്തിൽ സഹോദരനായ ആദിത്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മൂന്ന് വർഷമായി നിത്യ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. സഹോദരി നെറ്റിയിൽ സിന്ദൂരം പുരട്ടുന്നത് ആദിത്യ കണ്ടിരുന്നു. ഇത് ചോദ്യം ചെയുകയും തുടർന്ന് ഇതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നിത്യ അതിന് തയാറായില്ല.
സംഭവ ദിവസം, വീട്ടിൽ നിന്നിറങ്ങിയ നിത്യ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. അടുത്ത ദിവസം, കാമുകനോടൊപ്പം റെസ്റ്റോറന്റിൽ നിന്നും കണ്ടെത്തി. ആദിത്യ നിത്യയുടെ മനസ്സ് മാറ്റാനും വീട്ടിലേക്ക് തിരികെ കൊണ്ടുവരാനും ശ്രമിച്ചു. എന്നാൽ വഴിമധ്യേ അവൾ തിരികെ പോകാൻ വാശിപിടിച്ചു. തുടർന്ന് വീട്ടിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു.
തലയ്ക്ക് പരിക്കേറ്റ നിത്യയെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. ഒന്നര മണിക്കൂറോളം മൃതദേഹത്തിനടുത്ത് ഇരുന്നതിന് ശേഷമാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു. നിത്യയ്ക്ക് ആദിത്യയെ കൂടാതെ മറ്റ് രണ്ട് സഹോദരങ്ങളും ഉണ്ട്. പിതാവിന്റെ മരണശേഷം ഇവരെയെല്ലാം പഠിപ്പിച്ചത് ആദിത്യയായിരുന്നു. നിലവിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.