Kerala
പഠനകാലത്തുണ്ടായ തർക്കത്തിന് രണ്ട് വർഷം കാത്തിരുന്ന് പകവീട്ടൽ; മുഖത്ത് കത്തി കൊണ്ട് കുത്തിയെന്ന് യുവാവ്
കണ്ണൂർ: പഠനകാലത്തുണ്ടായ തർക്കത്തിന് രണ്ട് വർഷം കാത്തിരുന്ന ശേഷം പകവീട്ടി യുവാക്കൾ. കണ്ണൂർ വാരം പുറത്തീലെ അധ്യാപക ട്രെയിനിംഗ് വിദ്യാർഥി മുഹമ്മദ് മുനീസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി കാൾടെക്സിലെ വീട്ടിൽവെച്ചാണ് അക്രമം നടന്നത്. മുഖത്ത് കത്തി കൊണ്ട് കുത്തിയെന്നാണ് പരാതി.
കോളേജ് പഠന കാലത്ത് തമ്മിൽ സംഘർഷം ഉണ്ടായിരുന്നുവെന്നും ജൂനിയറായി പഠിച്ച വിദ്യാർഥി പക വീട്ടിയതതാണെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ഇതിലെ പക വെച്ച് പലപ്പോഴും ഭീഷണി ഉണ്ടായി. അഞ്ചുപേർ ചേർന്നാണ് ആക്രമണം നടത്തിയത്. അക്രമി സംഘം കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും പരാതിക്കാരൻ പറയുന്നു.
സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുനീസെന്ന് സുഹൃത്ത് റിപ്പോർട്ടറിനോട് പ്രതികരിച്ചു. അക്രമം നടത്തിയ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിഷാദ്, മുഫാസ്, ഷിഹാൻ, ഷാൻ എന്നിവർക്കെതിരെയും തിരിച്ചറിയാത്ത ഒരാൾക്കെതിരെയുമാണ് കേസ്.