Crime
യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; കാമുകൻ അറസ്റ്റിൽ
ചെന്നൈ: കാണാതായ യുവതിയെ പഴത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. 35കാരിയുടെ മരണത്തില്‍ കാമുകനായ 27കാരൻ അറസ്റ്റിലായി. അപ്പാക്കുടല്‍ ടൗണിലെ ബ്യൂട്ടീഷ്യനായ സോണിയ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതല്‍ ഇവരെ കാണാതായിരുന്നു.
സംഭവത്തില്‍ മോഹൻ കുമാർ എന്നയാളാണ് അറസ്റ്റിലായത്. ബികോം ബിരുദധാരിയായ ഇയാള്‍ക്ക് സ്വന്തമായി പഴത്തോട്ടവുമുണ്ട്. രണ്ട് വർഷം മുൻപ് ഭർത്താവിനെ നഷ്ടപ്പെട്ട സോണിയ സ്കൂള്‍ വിദ്യാർത്ഥികളായ മക്കള്‍ക്കും അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്.
ജോലി കഴിഞ്ഞും സോണിയ വീട്ടില്‍ തിരികെ എത്താത്തതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് സോണിയയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് പൊലീസ് മോഹൻ കുമാറിലേക്കെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഗോപിച്ചെട്ടിപ്പാളയത്തിലെ തുണിക്കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് രണ്ടുവർഷം മുൻപ് സോണിയയും മോഹനും കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പ്രണയത്തിലായ ഇവർ ഇടക്കിടെ തോട്ടത്തില്‍വച്ച് കാണാറുമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് സോണിയ നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.