Crime
ഇന്‍സ്റ്റയിലെ പരിചയം പ്രണയമായി; യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി പങ്കാളി
ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പങ്കാളിയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി നദിയിൽ ഒഴുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊലപാതകം നടത്തിയ ഫത്തേപൂർ സ്വദേശി സൂരജ് കുമാർ ഉത്തം (22), സുഹൃത്ത് ആഷിഷ് കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 22 മുതലാണ് ആകാൻഷ എന്ന 20കാരിയെ കാണാതായത്.
പെൺകുട്ടിക്ക് സൂരജ് കുമാറുമായുള്ള സൗഹൃദത്തെ കുറിച്ച് അമ്മ പൊലീസിന് നൽകിയ വിവരമാണ് കേസിൽ വഴിത്തിരിവായത്. കാൺപൂരിലെ ഹോട്ടലിൽ ജീവനക്കാരിയായിരുന്നു ആകാൻഷയും മൂത്ത സഹോദരിയും. ജൂണിൽ സൂരജിന്റെ നാട്ടിലെ ഹോട്ടലിലേക്ക് ആകാൻഷ ജോലിക്ക് എത്തി.
വീടും ജോലി സ്ഥലവും തമ്മിൽ ദൂരം കൂടുതൽ ആയതിനാൽ ആകാൻഷ ഹോട്ടലിനടുത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ആകാൻഷയ്ക്ക് വീട് ഏർപ്പാടാക്കി കൊടുത്തത് സൂരജ് ആയിരുന്നു. താമസം മാറിയതോടെ വീടുമായി അകന്ന ആകാൻഷ ആരുമായും ബന്ധം പുലർത്തിയിരുന്നില്ല.
ആകാൻഷയും സൂരജും ഒരുമിച്ചായിരുന്നു താമസം. സൂരജ് കുമാർ നൽകിയ നിർദേശപ്രകാരമാണ് പെൺകുട്ടി ജോലി സ്ഥലം മാറിയതെന്ന് പൊലീസ് കണ്ടെത്തി. ഇത് ശരിവെക്കുന്ന സന്ദേശങ്ങൾ പൊലീസിന് പ്രതിയുടെ ഫോണിൽനിന്നും ലഭിച്ചിട്ടുണ്ട്.