Crime
ഡല്‍ഹിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആത്മ രാം സനാധന്‍ ധര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിനിയും ത്രിപുര സ്വദേശിനിയുമായ സ്‌നേഹ ദെബ്‌നാഥിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നോര്‍ത്ത് ഡല്‍ഹിയില്‍ ഗീതാ കോളനി ഫ്‌ളൈ ഓവറിന് സമീപം യമുനാ നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌നേഹയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌നേഹയുടേത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ജീവിതത്തില്‍ തോറ്റുപോയെന്നും ഇനി ഈ ഭാരം താങ്ങി ജീവിക്കാന്‍ കഴിയില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സിഗ്നേച്ചര്‍ ബ്രിഡ്ജില്‍ നിന്ന് ചാടി മരിക്കാന്‍ തീരുമാനിച്ചുവെന്നും ഇത് തന്റെ തീരുമാനമാണെന്നും കുറിപ്പിലുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. കുറിപ്പിലെ കൈപ്പട സ്‌നേഹയുടേതുതന്നെയാണെന്നാണ് പൊലീസ് പറയുന്നത്.