Kerala

ഉമ്മൻചാണ്ടിയുടെ ഓര്‍മകളെ പോലും സർക്കാർ പേടിക്കുന്നു; ചാണ്ടി ഉമ്മൻ എംഎൽഎ

Posted on

കോട്ടയം: കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങിന് പ്രധാനമന്ത്രി എത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നൽകുന്നതും നല്ല കാര്യമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. എന്നാൽ, ഒരു കല്ല് മാത്രമിട്ടുവെന്നത് സ്ഥിരം കാപ്സ്യൂളായി സിപിഎം പ്രചരിപ്പിക്കുകയാണ്. അത് വെറും പച്ചക്കള്ളമാണെന്ന് ആര്‍ക്കുമറിയാം. 2004ൽ ആദ്യം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

2006വരെ ശ്രമം തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂര്‍ത്തിയായിരുന്നില്ല. പിന്നീട് വിഎസ് അച്യുതാനന്ദൻ സര്‍ക്കാരും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പൂര്‍ണതയിലെത്തിയിരുന്നില്ല. അന്ന് ചൈനീസ് കമ്പനിയാണ് എത്തിയിരുന്നത്. അതിനാൽ തന്നെ അനുമതി കിട്ടിയിരുന്നില്ല. പിന്നീട് വീണ്ടും ഉമ്മൻചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി. ആ സമയത്താണ് പാരിസ്ഥിതിക അനുമതിയടക്കമുള്ള നിര്‍ണായക അനുമതികളെല്ലാം വാങ്ങിയത്. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ തുടങ്ങി നിര്‍മാണം വരെ ആരംഭിച്ചതും ഉമ്മൻചാണ്ടി സര്‍ക്കാരാണ്.

എന്നിട്ടും ഒന്നും ചെയ്യാതെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മാത്രമായി പിആര്‍ വര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഉമ്മൻചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തത്. പരമാവധി കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു. കോവളം എംഎൽഎ എം വിന്‍സെന്‍റ് പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version