Kerala
ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ
കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്. അവിടെ ആയുധവ്യാപാരികൾ മാത്രം സന്തോഷിക്കുകയും സാധാരണക്കാരായ മനുഷ്യർ ഹൃദയവേദനയോടെ കഴിയുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
‘പശ്ചിമേഷ്യയിലെ അശാന്തി ലോകമെമ്പാടുമുള്ള മനുഷ്യർക്കൊപ്പം ഭാരതീയ സമൂഹത്തിനും പ്രയാസകരമാണ്. പഠനത്തിനും ജോലിക്കും മറ്റുമായി മലയാളികളടക്കം നിരവധിപേർ ഈ മേഖലയിലുണ്ട്. അവർക്ക് വേണ്ടി നാം പ്രാർത്ഥിക്കണം. രാജ്യത്തിന്റെ അതിർത്തികൾക്കും, മതങ്ങളുടെ വേലിക്കെട്ടുകൾക്കുമപ്പുറം മനുഷ്യന്റെ വേദനയിൽ ആശ്വാസമേകാൻ പ്രാർത്ഥന നമ്മെ സഹായിക്കുമെന്നും ഭരണാധികാരികൾക്ക് വിവേകപൂർണമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.