Kerala
മാരുതി 800 മുതൽ ബുഗാട്ടിയുടെ വെയ്റോൺ വരെ; സി ജെ റോയിയുടെ വാഹന കമ്പം ഇങ്ങനെ…
മാരുതിക്കും മുന്‍പേ വന്ന ഡോള്‍ഫിന്‍ എന്ന കാറിനെക്കുറിച്ച് അധികം ആരും കേട്ടിട്ടുണ്ടാകില്ല. എന്നാൽ ആ കാർ ഏറെ കൗതുകത്തോടെ നോക്കിനിന്നൊരു 13വയസുകാരന് പിന്നീട് ലോകത്തിലെ തന്നെ മികച്ച കാറുകള്‍ സ്വന്തമാക്കുകയായിരുന്നു. ആരെ കുറിച്ചാണ് ഈ കഥ എന്ന് മലയാളികൾക്ക് പറഞ്ഞ് തരേണ്ട ആവശ്യം ഇല്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയ് തന്നെയായിരുന്നു ആ പതിമൂന്നുക്കാരൻ.
കറുകളോടെ ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ലോകത്തിലെ തന്നെ മികച്ച ആഡംബര കാറുകൾ അദ്ദേഹത്തിന് സ്വന്തമാണ്. മാരുതി സുസുക്കിയുടെ 800 മുതൽ വേഗരാജാവ് എന്ന വിശേഷിപ്പിക്കാവുന്ന ബുഗാട്ടിയുടെ വെയ്റോൺ വരെ അദ്ദേഹത്തിന്റെ ശേഖരണത്തിൽ ഉണ്ട്. ആദ്യമായി സ്വന്തമാക്കിയ മാരുതി 800 അദ്ദേഹത്തിന്റെ കൈ വിട്ടുപോയിരുന്നു ആ വാഹനം അടുത്തിടെ തിരിച്ചുപിടിച്ചിരുന്നു. 1994-ൽ താൻ സ്വന്തമാക്കിയ ആ വാഹനം തന്റെ കൈയിൽ തിരിച്ചെത്തിക്കുന്നതിനായി പത്ത് ലക്ഷം രൂപ ചെലവാക്കിയെന്നാണ് വിവരം.
ഇത് കൂടാതെ ഫ്രഞ്ച് സൂപ്പർ കാർ നിർമാതാക്കളായ ബുഗാട്ടിയുടെ വെയ്റോൺ ആണ് അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലെ ഏറ്റവും വിലയുള്ള മോഡൽ എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് അത്യാഡംബര വാഹന നിർമാതാക്കളായ റോൾസ് റോയിസിന്റെ 12 റോൾസ് റോയിസ് കാറുകളാണ് അദ്ദേഹത്തിനുള്ളതെന്നാണ് വിവരം. റോൾസ് റോയിസിന്റെ തന്നെ ഇലക്ട്രിക് മോഡലായ സ്പെക്ടർ ആദ്യം സ്വന്തമാക്കിയ ഉടമകളിൽ ഒരാളായിരുന്നു റോയ്.
ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയും ഗ്യാരേജിൽ ഇടംനേടിയിട്ടുണ്ട്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ബെന്റ്ലിയുടെ ഫ്ളൈയിങ് സ്പർ അദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്. അമേരിക്കൻ വാഹന നിർമാതാക്കളായ ജിഎംസി നിർമിച്ചിട്ടുള്ള ഇലക്ട്രിക് ഹമ്മറും ഗ്യാരേജിലെ ആകർഷണമാണ്. ഇവയ്ക്ക് പുറമെ, ലംബോർഗിനി അവന്റഡോർ, മക്ലാരൻ 720 എസ്, ഫെരാരി 458, കൊയിനെക്സെഗ് അഗേര ആർ തുടങ്ങിയ വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.