India
മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നൽ പ്രളയവും വെള്ളപ്പൊക്കവും; കുളു അടക്കം ഹിമാചലിലെ മൂന്ന് ജില്ലകളിൽ നാശനഷ്ടം
കുളു: മേഘവിസ്ഫോടനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയവും. ഹിമാചലിലെ കുളു, ഷിംല, ലാഹോള്‍ സ്പിതി എന്നീ ജില്ലകളിലാണ് ദുരന്തം. കുളു ജില്ലയിലെ നിര്‍മന്ദ് സബ് ഡിവിഷനിലെ ബാഗിപുല്‍ ബസാര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ശ്രീഖണ്ഡ് മഹാദേവ് പര്‍വതനിരകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കുളു ജില്ലയിലെ ബതാഹര്‍ ഗ്രാമത്തിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് വാഹനങ്ങള്‍ ഒലിച്ചുപോയി. നാല് കോട്ടേജുകളും കൃഷിയിടങ്ങളും നശിച്ചു. തിര്‍ത്താന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രശ്ന ബാധിത പ്രദേശങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ തൊറുല്‍ എസ് രവീഷ് പറഞ്ഞു.
‘ബാഗിപുളിലും ബതാഹറിലും രണ്ട് മേഘവിസ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ ഞങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. പക്ഷേ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല’, അദ്ദേഹം പറഞ്ഞു.