Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നടത്തിയ മാർച്ചില്‍ സംഘർഷം
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചില്‍ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
നൂറുകണക്കിന് പ്രവർത്തകർ മാർച്ചില്‍ പങ്കെടുത്തു. ഇവർ ബാരിക്കേഡിന് മുകളില്‍ കയറിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്‌ണനാണ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തത്. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു പ്രതിഷേധം.
ലൈംഗികാരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ ക്ലബുകളുടെയോ, റെസിഡൻസ് അസോസിയേഷനുകളുടെയോ യോഗത്തില്‍ പങ്കെടുത്താലും തടയും.
അതിനാല്‍ രാഹുലിനെ വിളിക്കണോ വേണ്ടയോ എന്ന് സംഘാടകർ തീരുമാനിക്കണമെന്നും ബിജെപി നേതാവ് സി കൃഷ്‌ണകുമാർ നേരത്തേ പറഞ്ഞിരുന്നു. ഓണത്തിന് ശേഷം രാഹുല്‍ പാലക്കാട്ടേക്ക് എത്താൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാകും പാലക്കാട്ട് നടക്കുക. ഇടത് സംഘടനകളുടെ നേതൃത്വത്തിലും രാഹുലിനെതിരെ പ്രതിഷേധമുണ്ടാകും.