Kerala

സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലാക്കരുത്; എം വി ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത

Posted on

തലശ്ശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ അതിരൂപത. തരംതാഴ്ന്ന പ്രസ്താവനയാണെന്ന് ആരോപിച്ച തലശ്ശേരി അതിരൂപത എം വി ഗോവിന്ദന്‍റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്നും പ്രതികരിച്ചു.

എകെജി സെൻററിൽനിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂ എന്ന സമീപനം ഉള്ളിൽ ഒളിപ്പിച്ചുവെച്ച ഫാസിസത്തിൻറെ മറ്റൊരു മുഖമാണിത്. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിൻറെയും സംഘപരിവാർ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിർത്ത മാർ ജോസഫ് പാംപ്ലാനി നിലപാടുകളിൽ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല.

ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിൻറെ ആവശ്യം മനസ്സിലാക്കി കേന്ദ്രസർക്കാർ ഇടപെട്ടതിൽ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. വർഗ്ഗീയ ധ്രുവീകരണം ഒഴിവാക്കാനുള്ള സുചിന്തിതമായ നിലപാടാണ് പിതാവ് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിർത്തിട്ടുള്ള വ്യക്തിയാണ് മാർ ജോസഫ് പാംപ്ലാനി പിതാവ്. സിപിഐഎം പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും അതിരൂപത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version