Kerala
സുധാകരൻ കേരളത്തിലെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരൻ, പിന്തുണക്കുന്നതിൽ തെറ്റില്ല: ബെന്നി ബഹനാൻ
തിരുവനന്തപുരം: കേരളത്തിലുള്ള ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് ജി സുധാകരനെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപി.
ജി സുധാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാത്തത് ആ പാർട്ടിക്കുണ്ടായ അപചയവും ജീർണതയുമാണ്. ജീർണത സംഭവിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ജി സുധാകരനൊരു തീരുമാനമെടുത്തപ്പോൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ പിന്തുണക്കുന്നതിൽ തെറ്റില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബെന്നി ബഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.
ജി സുധാകരന് പിന്തുണ കൊടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. ഇനി പിന്തുണച്ചാലും അതിൽതെറ്റില്ലെന്ന് കരുതുന്ന പൊതുപ്രവർത്തകനാണ് താൻ. സുധാകരൻ ഉയർത്തിയ ആശയം കേരളത്തിന്റെ നല്ലതിനെന്നാണ് താൻ വിശ്വസിക്കുന്നത്. എല്ലാവശവും നോക്കിയാണ് പാർട്ടി തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രാദേശിക വികാരം ഉണ്ടാകും. അത്തരം അഭിപ്രായ വ്യത്യാസം പറഞ്ഞുതീർക്കുകയാണ് ചെയ്യുകയെന്നും ബെന്നി ബഹനാൻ പറഞ്ഞു.