Kerala
മാനഹാനി ഭയന്ന് നവജാത ശിശുവിനെ കൈമാറി; ആലുവ സ്വദേശിനിയായ യുവതിയും ആൺസുഹൃത്തും പിടിയില്‍
കൊച്ചി: എറണാകുളത്ത് മാനഹാനി ഭയന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയും ആൺ സുഹൃത്തും പിടിയില്‍. ആലുവ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പിടിയിലായത്.
ജൂലൈ 26-നാണ് യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കുഞ്ഞിന് ജന്മം നൽകിയത്. ശേഷം കുഞ്ഞിനെ കൈമാറുകയായിരുന്നു. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്ന് കളമശ്ശേരി പൊലീസ് ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ ഒന്നാം പ്രതിയും സുഹൃത്ത് ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.
കുഞ്ഞിനെ യുവതി അപായപ്പെടുത്തുമെന്ന് സംശയം തോന്നിയ ആൺസുഹൃത്താണ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ഉപദേശിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ യുവതി ഇരുവരുടെയും കുഞ്ഞിന് ജന്മം നൽകി. അന്നുതന്നെ ഇവർ കുഞ്ഞിനെ കൈമാറാനുളള തീരുമാനമെടുത്തിരുന്നു. കുഞ്ഞിനെ ഇവർ അപായപ്പെടുത്തിയേക്കാമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസ് അന്വേഷണം നടത്തിയത്.
പരിശോധനയിൽ യുവാവിനെയും യുവതിയെയും മുപ്പത്തടത്തെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുട്ടിയെ മുപ്പത്തടത്തെ തന്നെ ഒരു കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന് ഇവർ അറിയിച്ചത്.