Kerala
ആര്യനാട് പഞ്ചായത്ത് അംഗം ആത്മഹത്യാ ചെയ്ത സംഭവം; ശ്രീജയുടെ മരണത്തിന് ഉത്തരവാദി സിപിഐഎം; ഇല്ലാക്കഥകൾ പറഞ്ഞ് തേജോവധം ചെയ്തു: കെ എസ് ശബരീനാഥൻ
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയുടെ മരണത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍.
സ്ത്രീ സംരക്ഷകര്‍ എന്ന് പ്രഖ്യാപിക്കുന്ന സിപിഐഎമ്മുകാര്‍ തന്നെയാണ് ശ്രീജയുടെ മരണത്തിന് ഉത്തരവാദിയെന്ന് ശബരീനാഥന്‍ ആരോപിച്ചു. ഒരു വഴിമുന്നില്‍ത്തെളിഞ്ഞ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രീജ തുടങ്ങുമ്പോഴാണ് ഇല്ലാക്കഥകള്‍ പറഞ്ഞ് സിപിഐഎം അവരെ തേജോവധം ചെയ്തതെന്നും കെ എസ് ശബരീനാഥന്‍ ആരോപിച്ചു.
ശ്രീജ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് ശ്രീജയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിന് പലരില്‍ നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീജക്ക് ഉണ്ടായിരുന്നു. കെഎസ്എഫ്ഇയില്‍ നിന്ന് ലോണ്‍ എടുത്ത് കടം വീട്ടാന്‍ കുടുംബം തീരുമാനിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വാര്‍ഡ്‌മെമ്പറായ ശ്രീജയെ ഈ കടത്തിന്റെ പേര് പറഞ്ഞ് സിപിഐഎം പണം തട്ടിപ്പ് കാരിയായി ചിത്രീകരിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നുമാണ് ആരോപണം.