India
ഓപ്പറേഷൻ സിന്ദൂറിനെതിരെ പരാമർശം; മഹാരാഷ്ട്രയിൽ മലയാളി അറസ്റ്റിൽ
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന്റെ പേരിൽ നാഗ്‌പൂരിലെ മലയാളിക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.
ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം നാഗ്‌പൂരിലെത്തിയപ്പോഴായിരുന്നു എറണാകുളം സ്വദേശിയായ റിജാസ് സാദിഖ് വനിതാ സുഹൃത്തിനൊപ്പം പിടിയിലായത്. വനിതാ സുഹൃത്തിനെ പോലീസ് പിന്നീട് വിട്ടയയച്ചു. ഭാരതീയ ന്യായ സംഹിതയിലെ 149, 192, 353 വകുപ്പുകൾ പ്രകാരം കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തികളുമായും കബീർ കലാമഞ്ചുമായും റിജാസിന് ബന്ധമുണ്ടെന്ന് എടിഎസ് ആരോപിക്കുന്നു. മേയ് എട്ടിന് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ നാഗ്‌പൂരിൽ ഇറങ്ങിയപ്പോൾ ലകദ്ഗഞ്ച് പോലീസാണ് 26-കാരനായ റിജാസിനെ അറസ്റ്റ് ചെയ്തത്.
കശ്മീരിലെ ഓപ്പറേഷൻ സിന്ദൂർ, ഛത്തീസ്ഗഢിലെ ഓപ്പറേഷൻ കാഗർ എന്നിവയുൾപ്പെടെയുള്ള സമീപകാല സൈനിക നടപടികളെ വിമർശിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വന്ന ഒട്ടേറെ പോസ്റ്റുകളെ തുടർന്നായിരുന്നു അറസ്റ്റ്.