India
മുസ്‌ലിം പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ വാട്ടർടാങ്കിൽ വിഷം കലക്കി;കർണാടകയിൽ ശ്രീറാംസേനയിലെ നേതാവടക്കം അറസ്റ്റിൽ
ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് മുസ്‌ലിം പ്രധാനാധ്യാപകനെ നീക്കുന്നതിനായി വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയതില്‍ തീവ്ര വലതുപക്ഷ സംഘടനയായ ശ്രീറാം സേനയിലെ അംഗവും പ്രതി. ബെലഗവി ജില്ലയില്‍ കഴിഞ്ഞ മാസം 14നാണ് സംഭവം നടന്നത്. സംഭവത്തില്‍ ശ്രീറാം സേനയിലെ പ്രാദേശിക നേതാവടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീറാം സേന നേതാവ് സാഗര്‍ പട്ടീല്‍, നാഗനഗൗഡ പട്ടീല്‍, കൃഷ്ണ മദാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകനായ സുലെമാന്‍ ഗൊരിനായികിനെതിരെ സംശയം സൃഷ്ടിക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ഹുലികട്ടിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ 13 വര്‍ഷമായി ജോലി ചെയ്യുകയാണ് സുലെമാന്‍. അദ്ദേഹത്തിന്റെ പേര് മോശമാക്കാനും സ്ഥലം മാറ്റാനുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കുന്നു.