Kerala

അടുക്കത്ത് ഡാം പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ പദ്ധതി വീണ്ടും പരിഗണിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

Posted on

 

ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ അടുക്കത്ത് ഡാം ഉൾപ്പെടുന്ന മീനച്ചിൽ റിവർ വാലി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. 1984-ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ട പദ്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് പൊതുപ്രവർത്തകൻ പൊന്തനാൽ ഷെരീഫിന് മീനച്ചിൽ റിവർ വാലി പദ്ധതി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി വീണ്ടും പരിഗണിച്ച് നടപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

മീനച്ചിലാറിലെ ആവർത്തിച്ചുള്ള വെള്ളപ്പൊക്കത്തിനും വേനൽക്കാലത്തെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനും പരിഹാരമെന്ന ലക്ഷ്യത്തോടെയാണ് അടുക്കത്ത് ഡാം ഉൾപ്പെടുന്ന മീനച്ചിൽ റിവർ വാലി പദ്ധതി വിഭാവനം ചെയ്തത്. 1984 മാർച്ച് 27ന് ഈരാറ്റുപേട്ടയ്ക്ക് സമീപം അടുക്കത്ത് ഇല്ലിക്കുന്നിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ, ജലസേചന മന്ത്രി എം. പി. ഗംഗാധരൻ, ധനമന്ത്രി കെ. എം. മാണി എന്നിവർ ചേർന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

പദ്ധതിക്കായി അടുക്കത്ത് 25 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും ഓഫീസ്, ക്വാർട്ടേഴ്സ് തുടങ്ങിയവ നിർമിക്കുകയും ചെയ്തിരുന്നു. പാലായിൽ മീനച്ചിൽ റിവർ വാലി പദ്ധതി ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോട്ടയം ജില്ലയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനും മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുമായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ സമീപകാലത്തുണ്ടായ മിന്നൽപ്രളയത്തിന്റെ ആഘാതം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. സമീപകാല പ്രളയത്തിൽ ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ മാത്രം ഏകദേശം 30 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.

അടുക്കത്ത് ഡാം യാഥാർഥ്യമായിരുന്നെങ്കിൽ ഈരാറ്റുപേട്ട മുതൽ കോട്ടയം വരെയുള്ള മീനച്ചിൽ നദീതീര പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനും സഹായകമാകുമായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ആവർത്തിച്ചുണ്ടാകുന്ന പ്രളയവും വേനൽക്കാലത്തെ കുടിവെള്ളക്ഷാമവും മീനച്ചിൽ നദീതീരവാസികളുടെ ജീവിതത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്. ഈ സാഹചര്യത്തിൽ വിവരാവകാശ രേഖയിലെ മറുപടിയുടെ അടിസ്ഥാനത്തിൽ അടുക്കത്ത് ഡാം ഉൾപ്പെടുന്ന മീനച്ചിൽ റിവർ വാലി പദ്ധതി വീണ്ടും സജീവമായി പരിഗണിച്ച് ആവശ്യമായ പഠനങ്ങളും നടപടികളും സ്വീകരിച്ച് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം .പൊന്തനാൽ ഷെരീഫിന് ലഭിച്ച വിവരാവകാശ രേഖ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version