Kerala
നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,ഒട്ടനവധി പരാതി നൽകിയെങ്കിലും നടപടിയില്ല;സിപിഐ വിട്ട് ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജിവെച്ചു. സിപിഐ വിട്ടു എന്നും പാര്‍ട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുന്നു എന്നുമായിരുന്നു ശ്രീനാദേവിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.
നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതായും ഒട്ടനവധി പരാതികള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ശ്രീനാദേവി. ഏറെക്കാലമായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്ന ഇവര്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ വിഷയത്തില്‍ ശ്രീനാദേവിയെ തള്ളുന്ന നിലപാടായിരുന്നു സി.പി.ഐ കൈക്കൊണ്ടത്.
അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സിപിഐയും രംഗത്തെത്തി. ശ്രീനാദേവിക്ക് ഇപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പാര്‍ട്ടിയുടെ പേരില്‍ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നുമായിരുന്നു സിപിഐയുടെ പ്രതികരണം. ശ്രീനാദേവിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും അടൂര്‍ മണ്ഡലം സെക്രട്ടറിയുമായുള്ള മുണ്ടപ്പള്ളി തോമസ് പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു, ചില മാധ്യമങ്ങള്‍ തന്നെ ഇരയാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളായിരുന്നു ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.