Kerala
ട്രാക്ടർ യാത്ര; ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് എംആർ അജിത് കുമാറിനോട് ഹൈക്കോടതി, തുടർനടപടികൾ അവസാനിപ്പിച്ചു
എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ താക്കീതുമായി ഹൈക്കോടതി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിച്ചുവെന്നായിരുന്നു എം ആർ അജിത് കുമാറിന്റെ വിശദീകരണം. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
സന്നിധാനത്തേക്കുള്ള സഞ്ചാരത്തിനിടെയായിരുന്നു ഹൈക്കോടതി വിധി ലംഘിച്ചുള്ള എഡിജിപിയുടെ ട്രാക്ടർ യാത്ര. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്ന ഭാഗത്ത് ട്രാക്ടർ യാത്ര ഒഴിവാക്കുകയും ചെയ്തു. പമ്പ ഗണപതിക്ഷേത്രത്തിൽ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പൻ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറിയത്.