Kerala
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കില്ല; ജഡ്ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ആണ് അതിജീവിതയ്ക്ക് വേണ്ടി പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.