Kerala
ബൈക്കിന് പിറകില്‍ ലോറിയിടിച്ചു, പ്രതിശ്രുത വരന്റെ കൈ അറ്റു; വധുവിന് ഗുരുതര പരിക്ക്
തൃശൂർ: ദേശീയപാതയില്‍ ബൈക്കിന് പിറകില്‍ അമിത വേഗത്തില്‍ വന്ന ലോറിയിടിച്ച് ഉണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വധു ആശുപത്രിയില്‍ ചികിത്സയിലാണ്. പൂങ്കുന്നം പാക്കത്തില്‍ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകന്‍ മോട്ടി ജേക്കബ് (34), ഡല്‍ഹി സ്വദേശി മംത (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 10.45-നായിരുന്നു അപകടം. സിഗ്നല്‍ തെളിയുന്നത് കാത്ത് ജങ്ഷനില്‍ നിര്‍ത്തിയിട്ട ഇവരുടെ ബൈക്കിന് പിറകിലാണ് അമിത വേഗത്തില്‍ വന്ന ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. അപകടശേഷം മുന്നോട്ടെടുത്ത ലോറി നാട്ടുകാര്‍ തടഞ്ഞിട്ട് പൊലീസില്‍ അറിയിക്കുകയായിരുന്നു.