Kerala
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പിറന്നാൾ ദിനത്തിൽ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂർ: ഒന്നാം പിറന്നാൾ ദിനത്തിൽ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി കുഞ്ഞ് എമിലിയ മടങ്ങി. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെ മകൾ എമിലിയ ആണ് മരിച്ചത്. ബുധനാഴ്ച നടന്ന അപകടത്തിന് പിന്നാലെ വ്യാഴാഴ്ചയായിരുന്നു കുഞ്ഞിന്റെ ഒന്നാം ജന്മദിനം.
ബുധനാഴ്ച രാവിലെ വരടിയം കൂപ്പപാലത്തിന് സമീപമായിരുന്നു അപകടം. റിൻസിയുടെ വീട്ടിൽ നിന്നും എരവിമംഗലത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എമിലിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്.