Kerala
എ കെ ബാലനെതിരെ കെ എം ഷാജി
മലപ്പുറം: സിപിഐഎം നേതാവ് എ കെ ബാലനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. കാറ്റത്ത് മുണ്ടുപൊങ്ങിപ്പോകുമ്പോൾ അടിയിലെ കാവി കളസം ഞങ്ങൾ ഒരുപാട് കണ്ടിട്ടുള്ളതാണ് എന്നും ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ ആ മുണ്ട് തലയിൽ ചുറ്റിയെന്നും കെ എം ഷാജി വിമർശിച്ചു. ബാലൻ കേരളത്തിലെ മതേതര സമൂഹത്തിന് മുന്നിൽ ആഭാസ നൃത്തം ചവിട്ടുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു. എ കെ ബാലന്റെ ജമാഅത്തെ ഇസ്‌ലാമി പരാമർശത്തിനെതിരെയായിരുന്നു ഷാജിയുടെ വിമർശനം.
ബാലൻ വിധേയൻ സിനിമയിലെ ‘തൊമ്മി’യാണെന്നും ഷാജി പറഞ്ഞു. പിണറായി എന്ന ഭാസ്കര പട്ടേലരുടെ കീഴിൽ നിൽക്കുന്ന തൊമ്മിയാണ് ബാലൻ. പിണറായി കൊടുക്കുന്ന ഏത് വൃത്തികെട്ട ദൗത്യവും ബാലൻ ഏറ്റെടുക്കും എന്നും അത് ഇപ്പോൾ മാറാടാണെന്നും ഷാജി വിമർശിച്ചു. ബാലൻ മാറാട് ഓർമിപ്പിക്കുന്നതിന് കാരണം മുഹമ്മദ് റിയാസിന്റെ നില മെച്ചപ്പെടുത്താനാണെന്നും ഷാജി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ റിയാസിന്റെ നില പരുങ്ങലിലാണ്. റിയാസിനെ രക്ഷിച്ചെടുക്കാനാണ് മാറാട് എന്ന പഴയ വേദനിക്കുന്ന ഓർമയെ ബാലൻ വീണ്ടും പൊക്കിക്കൊണ്ടുവന്നത് എന്നും ഷാജി വിമർശിച്ചു.