റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ എ ടീമിനെതിരായ ആവേശപ്പോരാട്ടത്തിൽ 48 റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ ബാറ്റര്‍മാരുടെ പിന്തുണയില്ലായ്മയെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യ എ നായകൻ തിലക് വർമ്മ. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി തിലക് വർമ്മ പൊരുതിയെങ്കിലും ഇന്ത്യയെ വിജയവര കടത്താനായില്ല. 314 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 265 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

മത്സരശേഷം സംസാരിക്കവെയാണ് മറ്റു ബാറ്റർമാരിൽ നിന്ന് അൽപം കൂടി പിന്തുണ ലഭിച്ചിരുന്നെങ്കിൽ തനിക്ക് കളി ഫിനിഷ് ചെയ്യാൻ സാധിക്കുമായിരുന്നുവെന്ന് തിലക് വ്യക്തമാക്കിയത്. എന്നെ സംബന്ധിച്ചിടത്തോളം ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. ടീം ജയിക്കുന്നില്ലെങ്കിൽ വ്യക്തിഗത നേട്ടങ്ങൾ കൊണ്ട് കാര്യമില്ല.

മത്സരം അവസാനം വരെ കൊണ്ടുപോകാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. മറ്റേതെങ്കിലും ഒരു ബാറ്റർക്ക് എനിക്ക് പിന്തുണ നൽകാൻ സാധിച്ചിരുന്നെങ്കിൽ കളി ജയിപ്പിക്കാമായിരുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് ഇഷ്ടമാണെന്നും തിലക് വർമ്മ പറഞ്ഞു. സ്കോറിംഗ് ഉയര്‍ത്താൻ ശ്രമിക്കുന്നതിനിടെ ഷഹബാസ് അഹമ്മദ് പുറത്തായത് തിരിച്ചടിയായെന്നും, രണ്ട് ഓവർ കൂടി അദ്ദേഹം ക്രീസിലുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും തിലക് കൂട്ടിച്ചേർത്തു.