Kerala

എം.എൽ.എയുടെ ഓഫീസ് ആക്രമണം അപലപനീയം -ആന്റോ ആന്റണി എം.പി

 

ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം വേദനാജനകവും അപലപനീയവുമാണെന്ന് ആന്റോ ആന്റണി എം.പി പ്രസ്താവിച്ചു. പട്ടാപ്പകൽ ഒരു ജനപ്രതിനിധിയുടെ ഓഫീസിന് നേരെ ആക്രമണം നടത്താൻ സി.പി.എം പ്രവർത്തകർക്ക് ധൈര്യം ലഭിച്ചത് ഇപ്പോഴും ഭരണം മാറിയിട്ടില്ലെന്ന ചിന്തയിൽ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ബിഷപ്പുമാരെ അധിക്ഷേപിച്ച സംഭവത്തിലും കെ.എസ്.യു പ്രവർത്തകർക്കെതിരായ അക്രമങ്ങളിലും ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് ആന്റോ ആന്റണി ആരോപിച്ചു. എന്നാൽ തന്റെ പരാമർശം പിൻവലിച്ച എം.എൽ.എയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ആന്റോ ആന്റണി അറിയിച്ചു. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കരയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top