തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലകളിൽ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം കോട്ടയം എന്നീ ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കന്യാകുമാരി തീരത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദം തെക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് കാരണമാകും. ബുധനാഴ്ചയോടെ തെക്കുകിഴക്ക് ബംഗാൾ ഉൾകടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടും.

കേരളത്തിൽ നവംബർ 10 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.