കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി. ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിച്ചെന്ന പ്രചാരണമാണ് വ്യാപകമായി നടക്കുന്നത്. ഇനി പണം അയക്കേണ്ടതില്ലെന്ന സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ചികിത്സയ്ക്കായി ഇനിയും 33 കോടിയിലേറെ രൂപ കണ്ടെത്താനുണ്ടെന്ന് ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി.

20 ദിവസം പിന്നിടുമ്പോൾ ആകെ ലഭിച്ചിരിക്കുന്നത് 16.30 കോടി രൂപ മാത്രമാണ്. ചികിത്സയ്ക്കായി ആവശ്യമായ 50 കോടി രൂപ സമാഹരിക്കാൻ ഇനി 30 ദിവസം മാത്രമാണ് കുടുംബത്തിന് മുന്നിലുള്ളത്. തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. മുക്കം സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നര വയസുകാരായ മൂന്ന് മക്കളായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നിവരാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ഒറ്റപ്രസവത്തിലൂടെ ജനിച്ച മൂന്ന് കുഞ്ഞുങ്ങളുടെയും തുടർചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് ആവശ്യമായിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ചെറിയ ജോലിയിലൂടെ കുടുംബം പുലർത്തുന്ന അരുണിന് ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക അസാധ്യമാണ്.
