
കോട്ടയം: വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി ദുർബല മേഖല തുടങ്ങിയ വാദങ്ങൾ ഉയർത്തി കർഷകരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഇടുക്കി കളക്ടറുടെ ആനത്താര, രാത്രി യാത്രാ നിരോധന നടപടികളെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

സംസ്ഥാനത്താകെ ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കർഷകവിരുദ്ധ നടപടികളുടെ ട്രയൽ റണ്ണാണ് ഇടുക്കിയിൽ നടക്കുന്നത്. മലയോര കർഷകർ നേരിടുന്ന അതിജീവന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം.
ജനങ്ങളെ വഞ്ചിച്ച് മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ തുടർച്ചയായി കർഷകവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണ്. ഇ.എസ്.എയുടെ പേരിലും വന്യജീവി സംരക്ഷണത്തിന്റെ പേരിലും കർഷക സമൂഹത്തെ കബളിപ്പിക്കുകയാണ്. ഇടുക്കിയിലടക്കം നടന്ന കർഷക സമരങ്ങളെ പുച്ഛിക്കുകയും കപട പരിസ്ഥിതി സ്നേഹത്തിന്റെ പേരിൽ കർഷക ജനതയെ വഞ്ചിക്കുകയും ചെയ്ത മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, യുഡിഎഫ് സർക്കാരിൽ നിന്ന് കർഷകർക്ക് അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നത് വ്യർത്ഥമാണെന്നും കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം പാർട്ടി ഉന്നതാധികാര സമിതി അംഗം ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു.
ഉന്നതാധികാര സമിതിയംഗം വിജി എം. തോമസ്, കർഷക യൂണിയൻ (എം) സംസ്ഥാന ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ, കെ.പി. ജോസഫ്, എ.എച്ച്. ഹഫീസ്, മത്തച്ചൻ പ്ലാത്തോട്ടം, സേവ്യർ കളിരുമുറിയിൽ, സാജു ഇടയ്ക്കാട്ട്, ജോൺ വി. തോമസ്, സണ്ണി ജോസഫ്, സജീവ് സ്കറിയ, ടോമി വടക്കേമുറി, കെ.എസ്. ആന്റണി, മാത്യു ടി. ജോർജ്, ജോസുകുട്ടി കണ്ണന്തറ, സോജി വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
