മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് കൗമാരക്കാരായ ഉപയോക്താക്കളുടെ (Teen Accounts) സുരക്ഷ മുൻനിർത്തി പുതിയ പാരന്റൽ കൺട്രോളുകൾ പുറത്തിറക്കി. കൗമാരക്കാരായ കുട്ടികൾ അവരുടെ പഠനാവശ്യങ്ങൾക്കോ മറ്റോ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ വാട്സാപ്പ് ഉപയോഗം രക്ഷിതാക്കളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

സോഷ്യൽ മീഡിയ അഡിക്ഷനും കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സംബന്ധിച്ച് ആഗോളതലത്തിൽ ആശങ്കകൾ ഉയരുകയും വിവിധ സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാട്സ്ആപ്പിന്റെ ഈ നീക്കം.പ്രൊഫൈൽ, ഗ്രൂപ്പ് സുരക്ഷ: കൗമാരക്കാരുടെ പ്രൊഫൈൽ ഫോട്ടോ ആരൊക്കെ കാണണം, അവരെ ഗ്രൂപ്പുകളിൽ ചേർക്കാൻ ആർക്കൊക്കെ അനുമതിയുണ്ട് എന്നിവ നിർണയിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.

ഗ്രൂപ്പ് നോട്ടിഫിക്കേഷനുകൾ: കുട്ടി ഏതെങ്കിലും ഗ്രൂപ്പിൽ ചേരുമ്പോഴോ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോഴോ, അല്ലെങ്കിൽ കുട്ടി ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങൾ വരുമ്പോഴോ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കും.
ചാനലുകളും സ്റ്റാറ്റസുകളും: കുട്ടിക്ക് ആരെയൊക്കെ ചാനലുകളിൽ പിന്തുടരാം, ആരുടെയൊക്കെ സ്റ്റാറ്റസ് കാണാം, കുട്ടിയുടെ സ്റ്റാറ്റസ് ആരൊക്കെ കാണണം എന്നിവയും രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം.

പിൻ ഉപയോഗിച്ച് അംഗീകാരം: ഈ പ്രൈവസി ക്രമീകരണങ്ങളിൽ മാറ്റംവരുത്തണമെങ്കിൽ രക്ഷിതാക്കൾ സെറ്റ് ചെയ്ത പ്രത്യേക പിൻ (PIN) മുഖേനയുള്ള അനുമതി കൗമാരക്കാർക്ക് ആവശ്യമാണ്.മെറ്റാ നിർമിത ബുദ്ധി സുരക്ഷ: മെറ്റാ നിർമിത ബുദ്ധി ഉപയോഗത്തിൽ 13 വയസിന് മുകളിൽ പ്രായം നിശ്ചയിക്കുന്ന ’13+’ സെറ്റിങ്സിന് പുറമെ കൂടുതൽ നിയന്ത്രണങ്ങളുള്ള ‘ലിമിറ്റഡ് കണ്ടന്റ്’ ഓപ്ഷനും തിരഞ്ഞെടുക്കാം.