കുന്നംകുളം: പുതുശേരി പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

പാടത്തിന് സമീപം അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്സുണ്ട്. ക്വാർട്ടേഴ്സിന് സമീപത്തെ പഴുന്നാന പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ്
പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
