Kottayam

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ‘വൃദ്ധസദനം’ എന്ന പേര് ഉപയോഗിക്കരുതെന്ന് സാമൂഹ്യനീതി വകുപ്പ്;ഇനി മുതൽ സ്നേഹാലയം

തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ‘വൃദ്ധസദനം’ എന്ന പേര് ഉപയോഗിക്കരുതെന്ന് സാമൂഹ്യനീതി വകുപ്പ്. സർക്കാർ, സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. പകരം ‘സ്നേഹാലയം’ എന്ന പേര് ഉപയോഗിക്കണം. സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾക്ക് പുറമെ ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന രേഖകൾ, മറ്റ് ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങൾ എന്നിവയിലും പേര് മാറ്റണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ നിർദേശം നൽകി.

തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സ്നേഹാലയം സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ നിർദേശം. വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്നാക്കി മാറ്റാൻ നേരത്തെ തന്നെ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ പല സ്ഥാപനങ്ങളിലും ഇപ്പോഴും ‘വൃദ്ധസദനം’ എന്ന പേര് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ഇടപെടൽ.

വൃദ്ധസദനം എന്ന പദം പൊതുപ്രയോഗത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നതിനായി ബോധവൽക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. വയോജന സംരക്ഷണ കേന്ദ്രങ്ങളെ കൂടുതൽ സ്നേഹപൂർണവും സുരക്ഷിതവും സന്തോഷകരവുമായ ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ പേര് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷനും നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ അത് പൂർണമായി നടപ്പാകാത്ത സാഹചര്യത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ പുതിയ ഇടപെടൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top