
കോട്ടയം: കേരള പോലീസിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ പ്രവർത്തനമായ “തൂഫാൻ ദി നാർക്കോഹണ്ട്” പദ്ധതിയുടെ ഭാഗമായി മണിമല പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാർഡും ചേർന്ന് നടത്തിയ പരിശോധനയിൽ 4 കിലോ 808 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

വെള്ളാവൂർ വില്ലേജിലെ നിരവത്തുപടി ഭാഗത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ചായ്പ്പുമുറിയിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 കിലോ 808 ഗ്രാം കഞ്ചാവ് കണ്ടെത്തി.

മണിമല നേര്യതറ വീട്ടിൽ പയസ് ജേക്കബ് (51), വെള്ളാവൂർ കറുകപ്പള്ളിയിൽ ഏറത്തുവടകരയിൽ ബിനു കെ.സി.,(50) സുജാത ബിനു (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് ശക്തമായി നടപ്പിലാക്കി വരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് നടപടി.
ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വിശാൽ ജോൺസന്റെ നിർദ്ദേശപ്രകാരം മണിമല സബ് ഇൻസ്പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും മണിമല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.