കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കും ഭർത്താവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടി രണ്ട് കോടിയുടെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി കെ ശ്യാമളയുടേയും ഭർത്താവിന്റേയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

പി കെ ശ്യാമളയുടെ കയ്യിൽ പണമായി 8000 രൂപയുണ്ട്. ബാങ്കുകളിൽ സ്ഥിരനിക്ഷേപവും മറ്റുമായി 32.61 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. പാപ്പിനിശ്ശേരി സഹകരണ ബാങ്കിൽ 7.5 ലക്ഷം, മോറാഴ സഹകരണ ബാങ്കിൽ 2.5 ലക്ഷം, തളിപ്പറമ്പ് സബ് ട്രഷറിയിലെ പെൻഷൻ എസ്ബി അക്കൗണ്ടിൽ 38,910 രൂപയുമാണുള്ളത്.

മലയാളം കമ്യൂണിക്കേഷനിൽ ഓഹരിയായി ഒരു ലക്ഷം രൂപ, ഇൻഷുറൻസ് പോളിസിയിൽ 14,808 രൂപ എന്നിവയും ഉള്ളതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 16 ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ഥാനാർഥിയായ പി കെ ശ്യാമളയ്ക്ക് ഉണ്ട്.