കണ്ണൂർ: ഓരോ തോൽവിയ്ക്ക് പിന്നാലെയും പാർട്ടിയിൽ പ്രമോഷൻ ലഭിക്കുന്നു എന്ന സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടിയുമായി കെ കെ ശൈലജ. നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയപ്പോഴായിരുന്നു പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജയുടെ പ്രതികരണം.

നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ടെന്നും സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് പ്രൊമോഷൻസുമെന്നാണ് കെ കെ ശൈലജ പ്രതികരണം. പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണെന്നും അവർ പറഞ്ഞു.

‘പൊളിറ്റ് ബ്യൂറോയിൽ എത്തുന്നത് വലിയ കാര്യമാണ്. നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുണ്ട്. സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് പ്രൊമോഷൻസ് വരുന്നത്. സ്വാഭാവികമായാണ് കേന്ദ്രകമ്മിറ്റിയിൽ എത്തിയത്. പേരാവൂരിൽ ഞാൻ മുൻപും ജയിച്ചിട്ടുണ്ട്. സണ്ണി ജോസഫ് പറയുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കാര്യമായിരിക്കും. അസംബ്ലി തിരഞ്ഞെടുപ്പിലെ പാറ്റേൺ അതല്ല. പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണ്,’ കെ കെ ശൈലജ പറഞ്ഞു. പേരാവൂരിൽ പൂർണ്ണ വിജയ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ കെ കെ ശൈലജ പേരാവൂരിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.