കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചകള്‍ നടക്കുന്ന ഡല്‍ഹിയില്‍ നിന്ന് കെ സുധാകരന്‍ മടങ്ങിയത് അതൃപ്തി മൂലമെന്ന സൂചനകള്‍ക്കിടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരന്‍. കണ്ണൂര്‍ തന്റെ ഹൃദയരക്തമെന്നാണെന്ന് പറഞ്ഞുകൊണ്ടാണ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു

താന്‍ കണ്ണൂരില്‍ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനവും താനും തമ്മിലുള്ള ആഴത്തിലുള്ള ഹൃദയബന്ധം വ്യക്തമാക്കി അദ്ദേഹം വൈകാരിക പോസ്റ്റിട്ടിരിക്കുന്നത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഒരു പൊതുതീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയതോടെയാണ് സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിനുള്ള സാധ്യത മങ്ങിയത്.

ഈ തീരുമാനത്തില്‍ വിയോജിച്ച് പ്രകടമാക്കിക്കൊണ്ടാണ് ഡല്‍ഹിയില്‍ നിന്നും കെ സുധാകരന്റെ മടക്കമെന്നാണ് വരുന്ന സൂചനകള്‍. എന്നാല്‍ മറ്റ് പരിപാടികളുള്ളതിനാലാണ് സുധാകരന്‍ മടങ്ങുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.