തിരുവനന്തപുരം: തെലങ്കാനയിൽ വീടുകൾ ഒഴിപ്പിക്കാൻ ബുൾഡോസർ രാജ് പ്രയോഗിച്ചതിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരം ലഭിച്ചാൽ ജനങ്ങളോട് കോൺഗ്രസിനുള്ള സമീപനം എന്താകും എന്നതാണ് ഈ നടപടി സൂചിപ്പിക്കുന്നതെന്നും മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് വെച്ചുനൽകുമെന്ന വാഗ്ദാനം പാലിക്കാത്തത് ജനങ്ങളോടുള്ള കോൺഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണ് എന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് എല്ലാകാലത്തും എല്ലായിടത്തും ഇതേ രീതിയാണ് തുടരുന്നത് എന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഉത്തരേന്ത്യൻ ബിജെപി സർക്കാരുകളുടെ തനിപ്പകർപ്പാണ് തങ്ങളെന്ന് കോൺഗ്രസ്സ് സർക്കാരുകൾ വീണ്ടും തെളിയിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. യലഹങ്കയിലെ ബുൾഡോസർ രാജിന്റെ ഇരകൾ ഇപ്പോഴും തെരുവിൽ ജീവിതം തള്ളി നീക്കുകയാണ്. ഇത്തരം മനുഷ്യത്വ ഹീനമായ നടപടികൾക്ക് നേതൃത്വം നൽകാനും നടത്തിപ്പുകാരാവാനും എങ്ങനെ കോൺഗ്രസിന് കഴിയുന്നു?കേരളത്തിലെ സർക്കാർ പട്ടയമില്ലാത്തവർക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കൽ. തങ്ങളാണ് ഇടതുപക്ഷം എന്ന് വീമ്പു പറയുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.