വയനാട്: വയനാട്ടില്‍ ടി സിദ്ധിഖ് എംഎൽഎയെ കൂക്കിവിളിച്ച് അധിക്ഷേപിച്ചതില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അധിക്ഷേപിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും പരസ്യമായി മാപ്പുപറയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങളില്‍ സംസാരിക്കവേയാണ് എംഎല്‍എയ്ക്ക് നേരെ കൂക്കിവിളിയുണ്ടായത്.

പൊതുപരിപാടിയില്‍ ജനപ്രതിനിധികളെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്ന സിപിഎം സംസ്‌കാരം അവരുടെ അധപതനത്തിന്റെ തെളിവാണ്. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.