ഭുവനേശ്വർ: ഡ്യൂട്ടിയിലുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി കുടുംബം. മൗറീഷ്യസിനടുത്ത് ഫെബ്രുവരി മൂന്നിന്, കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ ഭദ്രക് സ്വദേശിയായ സർത്തക് മഹാപത്രയെ കാണാതായി എന്നാണ് മാതാവിന്റെ പരാതി.

ഫെബ്രുവരി രണ്ടിന് കപ്പൽ സിങ്കപ്പൂരിനടുത്ത് എത്തിയപ്പോഴാണ് മകൻ തന്നെ അവസാനമായി വിളിച്ചതെന്നും 2025 ജൂലൈ മുതൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ് മകനെന്നും സർത്തകിന്റെ മാതാവ് രശ്മിത സഹോ എക്സിൽ കുറിച്ചു. മകനെ കണ്ടെത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സഹായിക്കണമെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്റിൽ പ്രധാനമന്ത്രി, ഒഡീഷ മുഖ്യമന്ത്രി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്, വിദേശകാര്യമന്ത്രാലയം എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്.