തന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് പഴയങ്ങാടി എരിപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വിമതനും കുലംകുത്തിയുമായ കുഞ്ഞികൃഷ്ണൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്നത് ആരോപണം മാത്രമാണ്. വ്യക്തവും സുതാര്യവുമായ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.