കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി എസ്. സുനീഷ്, ഇടുക്കി കുമളി സ്വദേശി സനൽ എന്നിവരാണ് പ്രതികൾ. കോതമംഗലം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചേലാട് സ്വദേശി ജോർജ് മാത്യു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

പരാതിക്കാരന്‍റെ മകനെതിരെ ബെംഗളൂരുവില്‍ രജിസ്റ്റർ ചെയ്ത പോലീസ് കേസുകൾ ഒതുക്കിത്തീർക്കാമെന്ന് പറഞ്ഞ് പ്രതികൾ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് എഫ്ഐആർ. 2025 ജൂൺ 15 മുതൽ നവംബർ 19 വരെ വിവിധ ഇടവേളകളിൽ പണം നേരിട്ടും ബാങ്ക് ട്രാൻസ്ഫറിലൂടെയും വാങ്ങിയതായി പരാതിയിൽ പറയുന്നു. മൂന്നാം പ്രതിയായ സനല്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.