ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്പുരയില് ആറ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. 10, 13, 14 വയസ്സുകളുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നോര്‍ത്ത് ഈസ്റ്റ് പൊലീസ് കേസെടുത്തു.

പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 18 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലേക്ക് എത്തിയത്. ഭയപ്പെട്ട കുട്ടി താന്‍ വീണതാണെന്നാണ് ആദ്യം പറഞ്ഞത്.