ആദ്യം ലീഡെടുത്ത ശേഷം അവസാന മൂന്ന് മിനിറ്റിൽ ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക് - Kottayam Media

Sports

ആദ്യം ലീഡെടുത്ത ശേഷം അവസാന മൂന്ന് മിനിറ്റിൽ ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

Posted on

ഭുവനേശ്വര്‍: ഐഎസ്എല്‍ പ്ലേ ഓഫില്‍ ഒഡീഷ എഫ് സിക്കെതിരെ ലീഡ് എടുത്തശേഷം അവസാന മൂന്ന് മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫില്‍ തോല്‍വി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പാലിച്ച മത്സരത്തില്‍ എക്സ്ട്രാ ടൈമിലായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷ വിജയഗേോള്‍ നേടിയത്. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം രണ്ടാം പകുതിയിലിറങ്ങിയ ക്യാപ്റ്റൻ അഡ്രിയാന്‍ ലൂണക്കും ഇത്തവണ ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 67-ാം മിനിറ്റില്‍ ഫെഡോര്‍ സിര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 87-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി വിജയത്തിന് അടുത്ത് എത്തിയെങ്കിലും 87-ാം മിനിറ്റില്‍ ഡിയാഗോ മൗറീഷ്യയുടെ ഗോളില്‍ സമനില പിടിച്ച ഒഡീഷ ജീവന്‍ നീട്ടിയെടുത്തു. പിന്നീട് എക്സ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ഇസാക് വാന്‍ലാല്‍റൈട്ഫെലയിലൂടെ ലീഡെടുത്ത ഒഡീഷക്കെതിരെ ഗോള്‍ തിരിച്ചടിക്കാന്‍ മഞ്ഞപ്പടക്കായില്ല. തോല്‍വിയോടെ സെമി കാണാതെ പുറത്തായ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ കിരീടമെന്നത് ഒരിക്കല്‍ കൂടി കിട്ടാക്കനിയായി.

ആദ്യ പകുപതിയില്‍ ഇരു ടീമുകള്‍ക്കും ഒട്ടേറെ തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തതോടെ ആരാധകര്‍ പ്രതീക്ഷയിലായി. മിഡ്ഫീല്‍ഡില്‍ നിന്ന് ഐമന്‍ നീട്ടി നല്‍കിയ പന്തുമായി ബോക്സിലേക്ക് ഓടിക്കയറിച്ച സിര്‍നിച്ചിന്‍റെ ഇടങ്കാലനടിയാണ് ഒഡീഷ വലയില്‍ കയറിയത്.

78-ാം മിനിറ്റില്‍ സിര്‍നിച്ചിന്‍റെ പകരക്കാരനായാണ് ലൂണ ഗ്രൗണ്ടിലിറങ്ങിയത്. കളി ബ്ലാസ്റ്റേഴ്സ് കൈക്കലാക്കിയെന്ന് ഉറപ്പിച്ചിരിക്കെയാണ് പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോ മഞ്ഞപ്പടയെ ഞെട്ടിച്ച് സമനില ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ വഴങ്ങിയില്ലെങ്കിലും എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഒ‍ഡീഷ വീണ്ടും ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചു.

ജാഹോ നല്‍കിയ പാസില്‍ റോയ് കൃഷ്ണ നീട്ടി നല്‍കിയ പന്താണ് ഇസാക് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചത്. എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ബ്ലാസ്റ്റേഴ്സിന് സമനിലക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും രാഹുല്‍ കെ പിയുടെ ഹെഡ്ഡര്‍ ഒഡീഷ ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗ് അവിശ്വസനീയമായി തട്ടിയകറ്റി. ലീഡെടുത്തതിന്‍റെ ആത്മവിശ്വാസത്തില്‍ ആരാധക പിന്തുണയോടെ ഇരമ്പിക്കയറിയ ഒഡീഷ പിന്നീട് ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരവിന് അവസരം നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version