യാത്രക്കാർക്ക് ഇരുട്ടടി നൽകി പാലായിൽ സർവ്വീസ് ക്യാൻസലേഷൻ: ക്യാൻസൽ ചെയ്തത് 17 സർവ്വീസുകൾ: അന്വേഷണം വേണം പാസഞ്ചേഴ്സ് അസോസിയേഷൻ - Kottayam Media

Kerala

യാത്രക്കാർക്ക് ഇരുട്ടടി നൽകി പാലായിൽ സർവ്വീസ് ക്യാൻസലേഷൻ: ക്യാൻസൽ ചെയ്തത് 17 സർവ്വീസുകൾ: അന്വേഷണം വേണം പാസഞ്ചേഴ്സ് അസോസിയേഷൻ

Posted on

 

പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്നുള്ള 17 സ്ഥിരം സർവ്വീസുകൾ മുന്നറിയിപ്പില്ലാതെ യാത്രാ തിരക്കേറിയ ഇന്ന് (വ്യാഴം) റദ്ദാക്കിയത് യാത്രക്കാർക്ക് വിനയായി.സർവ്വീസിന് തയ്യാറായി രാവിലെ ജീവനക്കാർ ഡിപ്പോയിൽ എത്തിയപ്പോഴാണ് പ്രഭാത സർവ്വീസുകൾ ഉൾപ്പെടെ 17 സർവ്വീസുകൾ റദ്ദുചെയ്ത വിവരം അറിയുന്നത്.ദ്വീർഘദൂര സർവ്വീസുകളും ചെയിൻ സർവ്വീസുകളും ഉൾപ്പെടെയുള്ളവയാണ് റദ്ദുചെയ്യപ്പെട്ടത്.
കാരണം വ്യക്തമാക്കാതെയാണ് സർവ്വീസ് ക്യാൻസലേഷൻ നടപ്പാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകിയാണ് ക്യാൻസലേഷൻ തീരുമാനം ഉണ്ടായത്.24 സർവ്വീസുകൾ ക്യാൻസൽ ചെയ്യുവാനായിരുന്നു ആദ്യ തീരുമാനം.തീരുമാനം എടുത്തവർ വ്യാഴാഴ്ച്ച ഓഫീസ് അവധിയായിരുന്ന തിനാൽ ഡിപ്പോയിൽ എത്തിയതുമില്ല.

വിവരം അറിയാതെ അതിരാവിലെ മുതൽ ബസ് സ്റ്റേഷനിലെത്തിയ യാത്രക്കാർ വലഞ്ഞു.പ്രഭാത സർവ്വീസുകൾ പാടേ മുടക്കിയ നിലയിലായിരുന്നു.തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്‌, മാനന്തവാടി എറണാകുളം, തൃശൂർ സർവ്വീസുകളും മുടക്കി.
തൃശൂർ ഭാഗത്തേയ്ക്കുള്ള വർ എം.സി.റോഡിലേക്കുള്ള സ്വകാര്യ ബസുകളെ ആ ശ്രയിച്ച് ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം ഭാഗത്തേക്ക് യാത്ര ചെയ്ത് യാത്രാവശ്യങ്ങൾ നിറവേറ്റി.

കോട്ടയം -തൊടുപുഴ ചെയിൻ സർവ്വീസിൽ ഉണ്ടായ ക്യാൻസലേഷൻ യാത്രക്കാരെ വളരെ കഷ്ടപ്പെടുത്തി. വൈക്കം മുണ്ടക്കയം ചെയിൻ സർവ്വീസുകളും മുടക്കി.
ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ 45 മിനിറ്റുവരെ കാത്തിരുന്ന ശേഷമാണ് ഒരു ബസിൽ കയറിപ്പറ്റുവാൻ പല യാത്രക്കാർക്കും കഴിഞ്ഞത്.
നാളെ മുതൽ അവധി ദിവസങ്ങളായതിനാൽ കുട്ടികളുമായി യാത്രയ്ക്ക് എത്തിയവരും നന്നേ വലഞ്ഞു.
ഇന്ന് അവധി ദിവസമായിരുന്നുവെങ്കിലും ബാങ്കുകൾ, ആശുപത്രികൾ, വൈദ്യുതി, ജലവിതരണം, പോലീസ് വിഭാഗങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്നതിനാൽ യാത്രാ ആവശ്യങ്ങൾ നിരവധിയായിരുന്നു താനും.കെ.എസ്.ആർ.ടി.സിയുടെ ഉയർന്ന വരുമാനം നേടുന്ന അപൂർവ്വം ഡിപ്പോകളിൽ ഒന്നാണ് പാലാ. സർവ്വീസുകൾ മുടങ്ങാതെ അധികൃതർ ശ്രദ്ധിച്ചിരുന്നു.കഴിഞ്ഞ മാസം എ.ടി.ഒ, ഡിപ്പോ എൻജിനീയർ, കൺട്രോളിംഗ് ഇൻസ്പെക്ടർമാർ ,സ്റ്റേഷൻ മാസ്റ്റർമാർഎന്നിവരെ സ്ഥലം മാറ്റി പകരം ആളുകളെ നിയമിച്ചിരുന്നു.

ഇതിനു ശേഷം നിരവധി ദ്വീർഘദൂര സർവ്വീസുകൾ വെട്ടിക്കുറച്ചിരുന്നു. കണ്ണൂർ, മാനന്തവാടി സർ വ്വീസുകൾ കോഴിക്കോട് വരെ മാത്രമെ ഓടിക്കാറുള്ളൂ. അടുത്തിടെ തുടങ്ങിയ ചെറുപുഴ സർവ്വീസും മുടക്കിയിരിക്കുകയാണ്‌. പെരിക്കല്ലൂർ സർവ്വീസ് സുൽത്താൻ ബത്തേരി വരെയെ ഓടിക്കുന്നുള്ളൂ. എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് ഉണ്ടായിരുന്ന രാത്രി സർവ്വീസ് മുടക്കിയിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. യാത്രക്കാരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയർന്നിട്ടും അധികൃതർ പരിഗണിച്ചില്ല.

ബസും ഇന്ധനവും ഡ്രൈവറും കണ്ടക്ടറും എല്ലാം ഉണ്ടായിരുന്നിട്ടുംവ്യക്തമായ കാരണമില്ലാതെ യാത്രാ തിരക്കേറിയ വ്യഴാഴ്ച (ഇന്ന്) പതിനേഴിൽ പരം സ്ഥിരം സർവ്വീസുകൾ റദ്ദാക്കി യാത്രക്കാർക്ക് യാത്രാദുരിതം സമ്മാനിച്ച അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആർ.ടി ഉപദേശക സമിതി അംഗം ജയ്സൺമാന്തോട്ടം ആവശ്യപ്പെട്ടു. വൻ വരുമാന നഷ്ടമാണ് ഡിപ്പോയ്ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച എത്ര സർവ്വീസ് നടത്തുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version