Kottayam
‘ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു’;ഗൂഗിളില്‍ തിരഞ്ഞത് പുനര്‍ജീവിതത്തെ കുറിച്ച്; ബ്ലാക്ക് മാജിക്ക് കെണി ഒരുക്കിയ മരണം?
കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയതായി അരുണാചല്‍ പൊലീസ് അറിയിച്ചു.
‘ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. മരിക്കുന്നതിനു തൊട്ടുമുന്‍പ് മരണപ്പെട്ട നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ചും പുനര്‍ജീവിതത്തെ കുറിച്ചും ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും സൂചനയുണ്ട്. ദമ്പതിമാരുടെ വിവാഹസര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവയും മുറിയില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂവരുടെയും കൈഞരമ്പ് മുറിച്ചനിലയിലാണ് കണ്ടെത്തിയത്. ശരീരമാസകലവും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബ്ലാക്ക് മാജിക് ദുരന്തമാണിതെന്ന് മരിച്ച ദേവിയുടെ ബന്ധു സൂര്യ കൃഷ്ണമൂര്‍ത്തി ആരോപിച്ചു.
കഴിഞ്ഞ ദിവസം ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തറിയുന്നത്.
മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളായ നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു. പിന്നീട് ഇരുവരും ഡോക്ടര്‍ ജോലി ഉപേക്ഷിച്ചു. ദേവി ജോലിയുപേക്ഷിച്ച് അധ്യാപികയായി തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ജര്‍മന്‍ പഠിപ്പിക്കുകയായിരുന്നു. നവീന്‍ സ്വന്തമായി ബിസിനസ് ജോലികളിലേക്കും മാറി. ദമ്പതിമാരും അധ്യാപികയും പ്രത്യേക കൂട്ടായ്മ വഴിയാണ് പരിചയപ്പെട്ടതെന്നും പറയപ്പെടുന്നുണ്ട്.
നവീനും ദേവിയും വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂന്നുപേരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ഗുവാഹത്തിയിലേക്ക് പോയതെന്ന് കണ്ടെത്തിയത്