Kerala
പത്തനംതിട്ടയില്‍ വനത്തിനുള്ളിലെ ആറ്റിൽ മീന്‍പിടിക്കാന്‍ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു
കോന്നി: വനത്തിനുള്ളിൽ ആറ്റിൽ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാൽ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാൽ വനമേഖലയിലാണ് സംഭവം.ജനവാസമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെയാണിവിടം.
സുഹൃത്തുക്കളായ മറ്റു രണ്ടു പേരോടൊപ്പമാണ് ദിലീപ് കല്ലാറ്റിൽ മീൻപിടിക്കാൻ വലയിടാൻ പോയത്. വലകെട്ടികൊണ്ടിരിക്കുമ്പോഴാണ് കാട്ടാന എത്തിയത്.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.ദീലീപിന് ഓടാനായില്ല.
സുഹൃത്തായ പ്രപഞ്ച സംഭവ സ്ഥലത്തു നിന്നും ഏഴാംതലയിൽ എത്തി വനം വകുപ്പിലെ വാച്ചറായ ഓമനക്കുട്ടനെ വിവരം അറിയിച്ചു.വനപാലകർ രാത്രി സ്ഥലത്തെത്തി.ആനകൾ കൂട്ടംകൂടി നിൽക്കുന്നതിനാൽ മൃതദേഹം രാത്രി വൈകിയും മാറ്റാനായിട്ടില്ല.
ചൊവ്വാഴ്ച രാത്രിയിലും ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നു. ഇവരെ കാട്ടാന ഓടിക്കുകയും ചെയ്തതാണ്. തേക്കുതോട് ഏഴാംതല ഭാഗത്ത് പകൽ പോലും കാട്ടാനയുടെ ശല്യമുണ്ട്